കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് വർധനവ്. 110 രൂപയാണ് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് കൂടിയത്. പവന് 880 രൂപയും. ഏറെക്കാലത്തിന് ശേഷമാണ് ഒറ്റദിവസം വില ഇത്ര കൂടുന്നത്. ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയിലുമാണ് ഇന്ന് വ്യാപാരം.
ഇന്നലെ രേഖപ്പെടുത്തിയ പവന് 64,960 രൂപയും ഗ്രാമിന് 8,120 രൂപയുമെന്ന റെക്കോർഡും ഇതോടെ തകർന്നു. ഇന്നലെയായിരുന്നു പവൻ 65,000 രൂപയും ഗ്രാം 8100 രൂപയും ആദ്യമായി ഭേദിച്ചത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച ഇറക്കുമതി തീരുവയുദ്ധം ആഗോളതലത്തിൽ കത്തിപ്പടരുന്നതാണ് സ്വർണവില പുതിയ ഉയരത്തിലേക്ക് കുതിച്ചു കയറുന്നത്.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ പകരത്തിന് പകരം തീരുവ ഏർപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ ട്രംപ്, പുതുതായി മരുന്നുകൾ, വാഹനം, സെമികണ്ടക്‌ടറുകൾ എന്നിവയ്‌ക്കും 25% തീരുവ ഏർപ്പെടുത്തി വ്യാപാരയുദ്ധത്തിന് തീവ്രത കൂട്ടിയത് പുതിയ ഉയരത്തിലേക്ക് കുതിക്കാൻ സ്വർണത്തിന് ആവേശമായി.
ട്രംപിന്റെ ഈ തീരുമാനങ്ങൾ ആഗോള സമ്പദ്‍വ്യവസ്‌ഥയെ പ്രതിസന്ധിയിലാക്കുന്നതും വ്യാപാരയുദ്ധം ഉലയുന്നതും ഇതുമൂലം ഓഹരി വിപണികൾ നേരിടുന്ന വിൽപ്പന സമ്മർദ്ദവുമാണ് സ്വർണവിലയെ മുന്നോട്ട് നയിക്കുന്നത്. അമേരിക്ക-യുക്രൈൻ, അമേരിക്ക- യൂറോപ്യൻ യൂണിയൻ ബന്ധം വഷളാകുന്നതും സ്വർണത്തിനാണ് അനുകൂലം.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി