കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ വർധന. വ്യാഴാഴ്‌ച സ്വർണം പവന് 200 രൂപ കൂടി 36,080 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4510 രൂപയിലെത്തി. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.
ഇന്നലെയും കേരളത്തിൽ സ്വര്‍ണവില ഉയർന്നിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. 35,880 രൂപയായിരുന്നു ഇന്നലെ പവന്റെ വില. ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വില കുറഞ്ഞ ശേഷമാണ് ഏപ്രിലില്‍ സ്വര്‍ണ വിലയിൽ വർധന ഉണ്ടാകുന്നത്. മാര്‍ച്ച് മാസത്തില്‍ പവന് 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു.
അന്താരാഷ്‌ട്ര വിപണിയിലും സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,791 ഡോളറാണ് നിരക്ക്. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയില്‍ വർധനയുണ്ടാക്കിയത്. നിലവിലെ വിപണി സാഹചര്യങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമാണെന്നാണ് വിദഗ്‌ധർ പറയുന്നത്.
Also Read: രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ







































