കൊച്ചി: റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടെ, സ്വർണവിലയിൽ ഇന്ന് വൻ മലക്കംമറിച്ചിൽ. ഒറ്റയടിക്ക് ഇന്ന് പവന് 1280 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വിവാഹ പാർട്ടികൾക്ക് സ്വർണവിലയിൽ നേരിയ ആശ്വാസമായി.
വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,200 രൂപയാണ്. ഗ്രാമിന് 8400 രൂപയും. ഇന്നലെ വില സർവകാല റെക്കോർഡായ ഗ്രാമിന് 8560 രൂപയും പവന് 68,480 രൂപയുമായിരുന്നു. രാജ്യാന്തര സ്വർണവില കഴിഞ്ഞദിവസം 3,16.699 ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയെങ്കിലും ഇന്നലെ 3,050 ഡോളറിലേക്ക് തകർന്നിരുന്നു. പിന്നീട് 3,098 ഡോളറിലേക്ക് മെച്ചപ്പെട്ടു. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ വില കൂടുതൽ ഇടിയുമായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്തുള്ള ലാഭമെടുപ്പാണ് വിലയെ പ്രധാനമായും താഴേക്ക് നയിച്ചത്. ഡൊണാൾഡ് മുന്നോട്ടുവെച്ച താരിഫ് നയം ആഗോള സമ്പദ്‌വ്യവസ്‌ഥയെ ഉലച്ചേക്കാമെന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണവില വീണ്ടും കൂടാനിടയുണ്ടെന്ന് നിരീക്ഷകർ പറയുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ