കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 78.78 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്.
ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ ആണ് സ്വർണം കടത്തിയത്. ഇയാൾ 1.912 കിലോഗ്രാം സ്വർണ മിശ്രിതം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് വേർതിരിച്ചെടുത്തപ്പോൾ 1.65 കിലോഗ്രാം സ്വർണം ലഭിച്ചതായാണ് അധികൃതർ വ്യക്തമാക്കിയത്.
ഡെപ്യൂട്ടി കമ്മിഷണർ ടിഎ കിരൺ, ടിഎൻ വിജയ, ഗഗൻദീപ് രാജ്, പ്രേം പ്രകാശ് മീണ, പ്രണയ് കുമാർ, ഇൻസ്പെക്ടർമാരായ നവീൻ കുമാർ, ബദൽ ഗഫൂർ, ശിവകുമാർ, മനോഹരൻ എന്നിവരാണ് സ്വർണം കണ്ടെടുത്തത്.



































