തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്കെതിരെ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്‌റ്റന്റ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തു. അസി. സൂപ്രണ്ട് റിജോ ജോണിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയാണ് നടപടി സ്വീകരിച്ചത്.
അന്വേഷണ വിധേയരായി മൂന്ന് ഉദ്യോഗസ്‌ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്‌ജയ് എന്നിവരെ സസ്‌പെൻഡ് ചെയ്‌തതായി ഡിഐജി വി. ജയകുമാർ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി വ്യക്‌തമാക്കിയിട്ടുണ്ട്.
അതിനിടെ, സംഭവത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും തുടർ നടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോർട്. ജയിലിലെ കൂടുതൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടാവാനാണ് സാധ്യത.
ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും സസ്‌പെൻഷനിലായ ജയിൽ ഉദ്യോഗസ്‌ഥരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. അതിനിടെ, ഗോവിന്ദച്ചാമിക്കെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. പൊതുമുതൽ നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സെന്റർ ജയിലിലെ അതീവ സുരക്ഷാ സംവിധാനം ആസൂത്രിതമായി തകർത്തുവെന്നാണ് കുറ്റം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































