തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ പേരിൽ സ്‌മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎം മാണി മെമ്മോറിയൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്‌ഫർമേഷൻ സ്‌ഥാപിക്കുന്നതിനായി, കെഎം മാണി ഫൗണ്ടേഷന് 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക. കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ തീരുമാനിച്ചു. തലശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക പഠന ഗവേഷണ കേന്ദ്രം സ്‌ഥാപിക്കുന്നത്.
പാലാ നിയോജകമണ്ഡലം രൂപീകരിച്ചത് മുതൽ തുടർച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതൽ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെ റെക്കോർഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വർഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകൾ അവതരിപ്പിച്ചു.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്ന റെക്കോർഡും കെഎം മാണിയുടെ പേരിലാണ്. കാൽ നോറ്റാണ്ടോളം നിയമ മന്ത്രിയായിരുന്ന അദ്ദേഹം, ആഭ്യന്തരം, റവന്യൂ, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്‌തിട്ടുണ്ട്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































