തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടിക്കെതിരെ വിമർശനവുമായി സർക്കാർ.
താൽക്കാലിക വിസിയുടേത് അമിതാധികാര പ്രയോഗമാണെന്നും രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. നടപടി ആസൂത്രിതമായ കാവിവൽക്കരണ നീക്കമാണെന്നും മന്ത്രി പറഞ്ഞു. ആർഎസ്എസ് കൂറുതെളിയിച്ച ആളാണ് വിസിയെന്നും മന്ത്രി പറഞ്ഞു.
വിഷയം പരിശോധിച്ച് സർക്കാർ നിയമപരമായി നേരിടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാലും പ്രതികരിച്ചു. വിവാദം ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിസിയുടെ നടപടിക്കെതിരെ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി. രജിസ്ട്രാർക്കെതിരെ നടപടി എടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും വിസിയുടെ നടപടി നിയമവിരുദ്ധമാണെന്നും അംഗങ്ങൾ പറഞ്ഞു.
ആവശ്യസേവനങ്ങൾക്ക് നൽകിയ അധികാരം ഉപയോഗിച്ച് ഇത്ര സങ്കീർണമായ വിഷയത്തിൽ തീരുമാനമെടുക്കാൻ വിസിക്ക് അധികാരമില്ല. ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റ് ആണ്. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.
Most Read| കോടതിയലക്ഷ്യ കേസ്; ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസം തടവ് ശിക്ഷ