ന്യൂഡെൽഹി: രാജ്യത്ത് തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി വർധിപ്പിച്ചു. നിലവിൽ 5 ശതമാനമായിരുന്ന ജിഎസ്‌ടി 12 ശതമാനമായാണ് ഇപ്പോൾ ഉയർത്തിയത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ്(സിബിഐസി) ആണ് ജിഎസ്‌ടി വർധിപ്പിച്ച കാര്യം വ്യക്‌തമാക്കിയത്. ഇതോടെ വസ്‍ത്രങ്ങളുടെയും, ചെരുപ്പുകളുടെയും വിലയിൽ ജനുവരി മുതൽ വർധന ഉണ്ടാകും.
നിലവിൽ 1000 രൂപ വരെയുള്ള വസ്‍ത്രങ്ങൾക്ക് 5 ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. കൂടാതെ വിപണിയിൽ 80 ശതമാനവും 1000 രൂപയിൽ താഴെയുള്ള വസ്‍ത്രങ്ങളാണ്. ചെരുപ്പുകളുടെയും വസ്‍ത്രങ്ങളുടെയും തീരുവ ജനുവരി മുതൽ പരിഷ്‌കരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
ജിഎസ്‌ടി നിരക്ക് കൂട്ടിയില്ലെങ്കിലും ജനുവരി മുതൽ വസ്‍ത്രങ്ങളുടെ വിലയിൽ 15 മുതൽ 20 ശതമാനം വരെ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കൂടാതെ നിലവിലെ ജിഎസ്‌ടി വർധനക്കൊപ്പം നൂൽ, പാക്കിങ്, ചരക്ക് ഗതാഗതം എന്നിവയുടെ വില വർധന കൂടിയാകുമ്പോൾ വസ്‍ത്രവ്യാപാര മേഖലക്ക് വലിയ ആഘാതമാണെന്നാണ് ക്ളോത്തിങ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്‌തമാക്കുന്നത്.
Read also: കാലതാമസം അരുത്; പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ബിഎസ്‌പി