‘ഗുൻജൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമക്കെതിരെ വിമർശനവുമായി കാർഗിൽ യുദ്ധകാലത്ത് വനിതാ പൈലറ്റായിരുന്ന മലയാളിയായ ശ്രീവിദ്യ രാജൻ. ചിത്രം വ്യോമസേനയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ നൽകുന്നതാണെന്ന് ശ്രീവിദ്യ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീവിദ്യ സിനിക്കെതിരെ രംഗത്തെത്തിയത്.
ഗുൻജൻ സക്സേന എന്ന വനിതാ പൈലറ്റിനെക്കുറിച്ചു സിനിമയിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സേനകളിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും ശ്രീവിദ്യ പറയുന്നു. സേനയിലെ ഭൂരിഭാഗം പുരുഷന്മാരും തങ്ങളെ അംഗീകരിച്ചിരുന്നതായും സിനിമയിൽ കാണിക്കുന്നത് പോലെ വിമാനം പറത്താനുള്ള അവസരം തടസപ്പെടുത്തിയിരുന്നില്ലെന്നും ശ്രീവിദ്യ പറയുന്നു. ഗുൻജന്റെ കോഴ്സ്മേറ്റും സുഹൃത്തുമാണ് താൻ. ഒന്നിച്ചാണ് കശ്മീരിലെ ഉധം പൂരിൽ സേവനത്തിന് നിയോഗിക്കപ്പെട്ടതും. താനാണ് കാർഗിൽ യുദ്ധ കാലത്ത് പുരുഷപൈലറ്റിനൊപ്പം അതിർത്തിയിൽ പറന്ന ആദ്യവനിതാ വ്യോമസേന പൈലറ്റെന്നും ശ്രീവിദ്യ പറയുന്നു. ഗുൻജൻ നൽകിയ വസ്തുതകളെ സിനിമക്കായി വളച്ചൊടിച്ചതായി തോന്നുന്നുവെന്നും ശ്രീവിദ്യ പറഞ്ഞു.
Mscക്കു പഠിച്ചു കൊണ്ടിരിക്കമ്പോഴാണ് ശ്രീവിദ്യ വ്യോമസേനയിൽ ചേരുന്നത്. സേനയിൽ നിന്ന് വിരമിച്ച ശേഷം കോട്ടയം മാങ്ങാനത്ത് ഭർത്താവിനും മകൾക്കുമൊപ്പം താമസിക്കുകയാണ് ശ്രീവിദ്യ രാജൻ.
നേരത്തെ, ചിത്രം റിലീസായത്തിന് ശേഷം വ്യോമസേനയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിലൂടെ സേനയിൽ ലിംഗ അസമത്വമുണ്ടെന്ന സന്ദേശം നൽകുന്നുവെന്നായിരുന്നു വ്യോമസേന ഉന്നയിച്ച ആരോപണം. ചരിത്ര വസ്തുതകളെ ചിത്രം വളച്ചൊടിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സേന സെൻസർ ബോർഡിന് കത്തെഴുതുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് നവാഗതനായ ശരണ്‍ ശര്‍മ സംവിധാന ചെയ്ത ‘ഗുഞ്ജൻ സക്സേന: ദ് കാർഗിൽ ഗേൾ’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്.





































