കണ്ണൂർ: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടുകോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെയും സഹോദരന്റെയും പേരിലും ഭൂമി വാങ്ങി.
തട്ടിപ്പിലൂടെ അനന്തു കൃഷ്‌ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സൂചനയുണ്ട്. കേസായതോടെ വിദേശത്തേക്ക് പണം കടത്താൻ അനന്തു ശ്രമിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. തട്ടിപ്പിൽ ഇഡി പ്രാഥമിക വിവരശേഖരണം നടത്തി. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ജില്ലയിൽ 21 കേസുകൾ രജിസ്‌റ്റർ ചെയ്‌തു.
103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പാർട്ടികൾ വയനാട് മാനന്തവാടിയിൽ നിന്ന് ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്‌ണനെയും പ്രതി ചേർത്തിട്ടുള്ളതാണ് പരാതികൾ. അന്തിക്കാട് അടക്കം തൃശൂർ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്. കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ചക്കരക്കൽ എന്നിവിടങ്ങളിൽ നിന്നും വ്യാപകമായി പരാതികൾ ഉയർന്നിട്ടുണ്ട്.
അനന്തുവിനെ കാറും ഓഫീസിലെ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സഹായത്തോടെ വനിതകൾക്ക് പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനങ്ങൾ നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അനന്തു കൃഷ്‌ണൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി