ജറുസലേം: ഗാസയുടെ സമാധാന അന്തരീക്ഷം വീണ്ടും തകരുന്നു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് ബലൂൺ ബോംബ് (അഗ്നി പടർന്നുന്ന ബലൂണുകൾ) പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.
ആക്രമണം ഹമാസിനെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് ഇസ്രയേൽ സേന വ്യക്തമാക്കി. ഏത് പ്രതിസന്ധിയെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ നിന്നുവന്ന ബലൂണുകൾ തെക്കൻ ഇസ്രയേലിലെ ഇരുപതോളം ഇടങ്ങളിൽ തീപിടിത്തം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്.
11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മെയ് 21ന് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ഇരുപക്ഷവും തമ്മിൽ സംഘർഷമുണ്ടാകുന്നത്. പതിനൊന്ന് ദിവസം നീണ്ടുനിന്ന ആക്രമണത്തിൽ പലസ്തീനിലെ 260 പേരും ഇസ്രയേലിൽ 13 പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങളും തകർന്നിരുന്നു.
അതേസമയം, ഇസ്രയേലിൽ 12 വർഷത്തെ നെതന്യാഹു ഭരണത്തിന് ശേഷം നഫ്റ്റാലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യ സർക്കാർ അധികാരം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെ ഗാസക്ക് നേരെയുള്ള ആദ്യ ആക്രമണം കൂടിയാണിത്.
Also Read: സിദ്ദീഖ് കാപ്പനെതിരായ ഒരു കുറ്റം ഒഴിവാക്കി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും