കണ്ണൂര്‍: ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് തിരിച്ച് കൈമാറി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ പൂര്‍ണമായ നിയന്ത്രണം കോളേജ് അധികൃതര്‍ക്ക് കൈമാറാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാണെന്ന് കളക്‌ടർ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കളക്‌ടർ വ്യക്‌തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോളേജ് അധികാരികള്‍ ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതും, കോവിഡ് ചികില്‍സയും സംബന്ധിച്ച് വിശദമായ കര്‍മ പദ്ധതി തയ്യാറാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കണമെന്ന് കളക്‌ടർ നിര്‍ദേശിച്ചു.
ആശുപത്രി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ കുറഞ്ഞത് 200 കോവിഡ് രോഗികള്‍ക്ക് ചികില്‍സ നല്‍കണമെന്നും 15 ഐസിയു കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ആശുപത്രി പ്രവര്‍ത്തനം സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് നടത്തണം. ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് ചികില്‍സക്ക് ആവശ്യമായ പരിശീലനം നല്‍കണം. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് നിലവില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള ജീവനക്കാരെ പിന്‍വലിക്കും. നിലവില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളെ മെഡിക്കല്‍ കോളേജ് സൗജന്യമായി തന്നെ തുടര്‍ന്നും ചികില്‍സിക്കണം. എന്നിവയാണ് ഉത്തരവില്‍ പറയുന്നത്.
Read Also: കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം