തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് ശേഷം കോൺഗ്രസിന്റെ അഭിമാനം കാക്കാൻ കൊടുമ്പിരി കൊണ്ട ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലം മാറാൻ ഒരുങ്ങുകയാണെന്ന് സൂചന. തിരുവനന്തപുരം ജില്ലയിലെ ഒരു നിയോജക മണ്ഡലത്തിൽ നിന്ന് അദ്ദേഹം മൽസരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സുരക്ഷിത മണ്ഡലത്തിലേക്ക് മാറാനുള്ള നീക്കങ്ങൾ ചെന്നിത്തല തുടങ്ങിയതായി കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.
സാമുദായിക സമവാക്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ അനുകൂലമാകില്ലെന്ന് കണക്കാക്കിയാണ് ഹരിപ്പാട് നിന്നുള്ള എംഎൽഎയായ രമേശ് ചെന്നിത്തല ഇത്തവണ മണ്ഡല മാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ചെന്നിത്തലയുടെ നിയോജക മണ്ഡല മാറ്റവുമായി ബന്ധപ്പെട്ട് ചർച്ചകൾ അനൗദ്യോഗിക ചർച്ചകൾ പാർട്ടിയിൽ കുറച്ച് നാളായി നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നു.
കോട്ടയം ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലമാണ് പ്രതിപക്ഷ നേതാവിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരത്ത് നിന്ന് മൽസരിക്കട്ടെ എന്ന തീരുമാനത്തിൽ എത്തുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥൻ പ്രതിനിധീകരിക്കുന്ന അരുവിക്കരയിൽ മൽസരിക്കാൻ ചെന്നിത്തല താൽപര്യം പ്രകടിപ്പിച്ചെന്നാണ് വിവരം.
അനൗദ്യോഗിക ചർച്ചകളുടെ ആരംഭത്തിൽ പലരും ഇക്കാര്യം എതിർത്തിരുന്നു. എന്നാൽ, അരുവിക്കരയിൽ ശബരീനാഥന് നെഗറ്റീവ് ഇമേജ് ഉണ്ടെന്നും അതിനാൽ രമേശ് ചെന്നിത്തലയെ പോലെ ഒരാൾ മൽസരിക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ചില കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. വട്ടിയൂർകാവ് നിയോജക മണ്ഡലത്തിലും പ്രതിപക്ഷ നേതാവിന് നോട്ടമുണ്ടെന്ന് സൂചനകളുണ്ട്. കെ മുരളീധരൻ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന വട്ടിയൂർക്കാവ് മണ്ഡലം ഇപ്പോൾ ഇടതുമുന്നണിയുടെ കൈവശമാണ്.
Also Read: ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ സിപിഎം നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പുറത്ത്