കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പിസി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കീഴടങ്ങിയ ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് റിമാൻഡ് ചെയ്തത്.
കോടതി നിർദ്ദേശിച്ച പ്രകാരം, അപാകത പരിഹരിച്ച് പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണ് ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പറഞ്ഞത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി ജോർജ് കീഴടങ്ങുകയായിരുന്നു.
കേസിൽ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാൽ, കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നാലെ ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. പോലീസ് റിപ്പോർട് കൂടി പരിഗണിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജോർജിന്റെ കേസ് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോൾ, ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ടും പോലീസ് സമർപ്പിച്ചിരുന്നു.
ഇന്ന് രാവിലെ മുതൽ ജോർജിന്റെ വീട്ടിൽ പോലീസും ബിജെപി പ്രവർത്തകരും എത്തിയിരുന്നു. പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ








































