ചെന്നൈ: പേമാരിയിൽ ഒറ്റപ്പെട്ട് ചെന്നൈ. നഗരത്തിൽ ഉൾപ്പടെ അതിശക്‌തമായ മഴ തുടരുകയാണ്. മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ഇന്നും സംസ്‌ഥാനത്തെ 16 ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പാണുള്ളത്.
ദേശീയ പാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ഇതുമൂലം എട്ടുമണിക്കൂർ വരെ ട്രെയിനുകൾ വൈകിയോടുകയാണ്. ചില സർവീസുകൾ റദ്ദാക്കി. സംസ്‌ഥാനത്ത് വിവിധ സംഭവങ്ങളിലായി ഇന്ന് 16 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48.4 സെ.മീ മഴയാണ് പെയ്‌തത്. ഇവിടെ മഴക്കെടുതിയിൽ ആറുപേർ മരിച്ചു. ജനവാസ കേന്ദ്രങ്ങളിലടക്കം വെള്ളം കയറി. വൈദ്യുതി തടസപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു. ബെംഗളൂരുവിൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട് നൽകിയിട്ടുണ്ട്.
തിരുവണ്ണാമലയിൽ മഹാദീപം തെളിയിക്കുന്ന മലയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്‌കുമാർ, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ ഉണ്ടായ ഉരുൾപൊട്ടലിൽ കല്ലുകളും കൂറ്റൻ പാറകളും പതിച്ചു വീടുകളും ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഒലിച്ചുപോവുകയായിരുന്നു.
മലയടിവാരത്തുള്ള നാല് വീടുകൾ ഒറ്റപ്പെട്ട നിലയിലായി. ഇവിടെ നിന്നുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഇതിനിടെ, കൃഷ്‌ണഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഒഴുകിപ്പോയി.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി