തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം വിവിധ ജില്ലകളിൽ മഴ കനക്കാനാണ് സാധ്യതയുള്ളത്. ശക്‌തമായ മഴക്കൊപ്പം തന്നെ ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായാണ് ഇപ്പോൾ ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനത്താലാണ് കേരളത്തിലും മഴ ശക്‌തമാകുന്നത്. കൂടാതെ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്‌ച വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്‌തി പ്രാപിക്കുമെന്നാണ് സൂചന. എന്നാൽ ഇത് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ലെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
Read also: കൗമാരക്കാർക്ക് പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്






































