തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും ഇടിമിന്നൽ ഉണ്ടാകുക.
ഇടിമിന്നൽ അപകടകരമായതിനാൽ തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും, തുറസായ സ്‌ഥലങ്ങളിൽ തുടരുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ, കുളിക്കാനോ ഇറങ്ങാൻ പാടില്ലെന്നും, കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് എന്നിവ നിർത്തി വച്ച് അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം. കൂടാതെ ഈ സമയത്ത് പട്ടം പറത്തുന്നത് ഒഴിവാക്കണമെന്നും, വളര്‍ത്തു മൃഗങ്ങളെ തുറസായ സ്‌ഥലത്ത് കെട്ടരുതെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: അടച്ചുപൂട്ടി മഹിളാമാൾ; സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ






































