തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബർ 26ആം തീയതി വരെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കേരളത്തിൽ അതിശക്‌തമായ മഴക്ക് സാധ്യത. മഴക്കൊപ്പം ശക്‌തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
25ആം തീയതി അതിശക്‌തമായ മഴക്ക് സാധ്യതയുള്ള സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒക്‌ടോബർ 22 മുതൽ നവംബർ 4ആം തീയതി വരെയുള്ള അടുത്ത രണ്ടാഴ്‌ച കാലത്തേക്ക് കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ തമിഴ്‌നാടിന്റെ തെക്കേ അറ്റത്തിന് മുകളിൽ സ്‌ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുകയാണ്. കന്യാകുമാരിക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി തുടരുന്നതുമൂലം മലയോരത്ത് ശക്‌തമായ മഴയുണ്ടാകും. കൂടാതെ ഇത് ന്യൂനമർദ്ദമാകാനുള്ള സാധ്യത ഇതുവരെ ഇല്ലെന്ന് കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കി.
Read also: ‘കെ- റെയിലിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ’; സർക്കാരിനെതിരെ ബിജെപി






































