ഇരിട്ടി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇരിട്ടി താലൂക്കിൽ ജാഗ്രത. ഇരിട്ടിയിൽ 24 ഇടങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്ന ജിയോളജി സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് അനുസരിച്ചാണ് താലൂക്കിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്. താലൂക്കിൽ വൻ രക്ഷാപ്രവർത്തന സന്നാഹങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 19 അംഗ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘം ആനപ്പന്തി ഗവ.എൽപി സ്‌കൂളിൽ തുടരുകയാണ്.
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്ത സാധ്യതാ പ്രദേശങ്ങൾ ഉള്ളത് ഇരിട്ടി താലൂക്കിലാണ്. ഇതേ തുടർന്ന് പഴശ്ശി അണക്കെട്ടിലേക്കുള്ള വിനോദ സഞ്ചാരത്തിന് രണ്ട് ദിവസം വിലക്ക് ഏർപ്പെടുത്തിയതായി ഇരിട്ടി നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്. കളക്‌ടർ ചന്ദ്രശേഖരന്റേയും എഡിഎം കെകെ ദിവാകരന്റെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും മലയോര മേഖലയിലെ കാലാവസ്‌ഥാ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകർ പഴശ്ശി അണക്കെട്ടും ജലവൈദ്യുത പദ്ധതി നിർമാണ കേന്ദ്രവും സന്ദർശിച്ചു സ്‌ഥിതിഗതികൾ വിലയിരുത്തി. പഴശ്ശി അണക്കെട്ടിനോട് അനുബന്ധിച്ച് പണിയുന്ന പഴശ്ശി സാഗർ ജലസേചന പദ്ധതി തുരങ്കങ്ങളിൽ ഉൾപ്പടെ സ്‌റ്റേഷൻ ഓഫിസർ കെ രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം, തഹസിൽദാർ സിവി പ്രകാശന്റെ നേതൃത്വത്തിൽ ദുരന്ത സാധ്യത മേഖലകളിലെ വില്ലജ് ഓഫിസുകൾ കേന്ദ്രീകരിച്ച് ആശയവിനിമയം നടത്തി സ്‌ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ട്.
Most Read: ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു; കനത്ത മഴയ്‌ക്കും ശമനം







































