
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പോലീസ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി.
ആദ്യഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് നൽകിയിരുന്നു. സമാനമായി ബാക്കി 14 കേസുകൾ കൂടി ഈ മാസം അവസാനിപ്പിക്കും. ഇത് സംബന്ധിച്ച റിപ്പോർട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ കേസുകളും അവസാനിക്കും.
റിപ്പോർട് സമർപ്പിച്ച് ഏറെ വർഷങ്ങൾക്ക് ശേഷം അതിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പരാതിയുമായി പലരും രംഗത്തുവന്നിരുന്നു. ചില മൊഴികൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്‌തു. പരാതികൾ കൂടിയതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കോടതിയുടെ നിർദ്ദേശപ്രകാരം മൊഴികളുടെ അടിസ്‌ഥാനത്തിൽ 35 കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തത്. മുൻപ് മൊഴി നൽകിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നാണ് അറിയിച്ചത്. ഇതോടെ ആദ്യഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിക്ക് റിപ്പോർട് നൽകി. ബാക്കി കേസുകളിലും പരാതിക്കാർ സമാനമായ മറുപടി നൽകിയ സാഹചര്യത്തിലാണ് തുടർനടപടികൾ പൂർത്തിയാക്കി 14 കേസുകൾ കൂടി അവസാനിപ്പിക്കുന്നത്.
മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്വേഷിച്ച് അവയ്‌ക്ക് പരിഹാര നടപടികൾ സമർപ്പിക്കുന്നതിനായി 2017 ജൂലൈ മാസത്തിൽ കേരള സർക്കാർ രൂപീകരിച്ച ഒരു അന്വേഷണ കമ്മിറ്റിയാണ് ഹേമ കമ്മറ്റി. മുൻ കേരള ഹൈക്കോടതി ജഡ്‌ജ് ജസ്‌റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്.
ചലച്ചിത്ര നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥ കെബി വൽസലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 2017ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പിട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്.
Most Read| പുതിയ രാഷ്‌ട്രീയ മുന്നണിയുമായി പിവി അൻവർ; തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ