കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും പ്രത്യേക സംഘത്തിന് (എസ്‌ഐടി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ചതിന് ശേഷമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്‌ഐടിക്ക് കോടതി നിർദ്ദേശം നൽകി. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പരിശോധിക്കാൻ നിയോഗിച്ച പ്രത്യേക ബെഞ്ചിലെ ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരാണ് കേസ് പരിഗണിച്ചത്.
കമ്മിറ്റിക്ക് മൊഴി നൽകിയ അതിജീവിതമാരുടെ പേരുകൾ ഒരുവിധത്തിലും പുറത്തുപോകരുതെന്ന് പ്രത്യേകാന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമിക വിവര റിപ്പോർട്ടിലും എഫ്ഐആറിലും അതിജീവിതമാരുടെ പേരുകൾ മറച്ചിരിക്കണം. ഇവയുടെ പകർപ്പുകൾ പുറത്തുപോകില്ല എന്നുറപ്പാക്കണം. എഫ്ഐആറിന്റെ പകർപ്പ് അതിജീവിതമാർക്ക് മാത്രമേ നൽകാവൂവെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ സാക്ഷികളിൽ ആരും എസ്‌ഐടിയുമായി സഹകരിക്കാനോ മൊഴി നൽകാനോ തയ്യാറല്ല. മൊഴി നൽകാൻ യാതൊരു കാരണവശാലും അവർക്കുമേൽ സമ്മർദ്ദമുണ്ടാവരുതെന്നും കോടതി നിർദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം.
സാക്ഷികൾ സഹകരിക്കാൻ തയ്യാറാകാതിരിക്കുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ട് പോകാനുള്ള വസ്‌തുതകൾ ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം, ഹൈക്കോടതിയിലെ ഹരജികളിൽ കേന്ദ്ര സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വനിതാ കമ്മീഷൻ അധിക സത്യവാങ്‌മൂലം സമർപ്പിച്ചിട്ടുണ്ട്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും