ന്യൂഡെൽഹി: നേപ്പാളിൽ അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ, അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിൽ നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ. യുപി, ബിഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. നേപ്പാളിലെ സ്‌ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു.
ഇന്ത്യയുമായി ആയിരത്തിലധികം മൈൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. അഴിമതിക്കെതിരെയും സാമൂഹിക മാദ്ധ്യമ നിരോധനത്തിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചതിനെ തുടർന്ന് നേപ്പാളിൽ സ്‌ഥിതിഗതികൾ രൂക്ഷമാണ്. പ്രസിഡണ്ട് രാംചന്ദ്ര പൗഡേലും സ്‌ഥാനമൊഴിഞ്ഞതോടെ രാജ്യത്ത് ഭരണ പ്രതിസന്ധി നിലനിൽക്കുകയാണ്.
ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ലെങ്കിലും ജാഗ്രത ശക്‌തമാക്കാനാണ് തീരുമാനം. ബാൽറാംപുർ, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുർ ഖേരി, സിദ്ധാർഥ് നഗർ, മഹാരാജ്‌ഗഞ്ച് എന്നിവിടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം, പട്രോളിങ് ശക്‌തമാക്കൽ, അധിക പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കൽ എന്നിവയ്‌ക്ക് ഡിജിപി ഉത്തരവിട്ടു.
അതിനിടെ, നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ലഖ്‌നൗവിലെ പോലീസ് ആസ്‌ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നമ്പറുകൾ: 0522-2390257, 0522-2724010, 9454401674. വാട്‌സ് ആപ് നമ്പർ: 9454401674.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം