കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്‌റ്റിസ് ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയത്.
40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും ഇത് നീക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുവദിച്ചതോടെ ഇത്തവണ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കും.
ക്രമാസമാധാന പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പോലീസ് തടഞ്ഞത്. ഡിസംബർ 31ന് രാത്രി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷ ഒരുക്കാൻ മാത്രം ആയിരത്തിലേറെ പോലീസുകാർ വേണമെന്നാണ് കണക്ക്. ഇതിന് പുറമെ വെളി മൈതാനത്ത് കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പോലീസ് വാദം.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും