കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്‌റ്റിലായ 19 പേർക്കാണ് ജസ്‌റ്റിസ് സിഎസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് അവസാനിക്കുന്നതുവരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്‌ഥാനം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
കൂടാതെ, പ്രതികളുടെ പാസ്‌പോർട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. കേസിൽ അന്തിമ റിപ്പോർട് നൽകിയെന്നും തുടർന്നും തങ്ങളുടെ കസ്‌റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. സിദ്ധാർഥന്റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികൾ നിഷേധിച്ചിരുന്നു. അറസ്‌റ്റിലായവരുടെ പഠനം തടസപ്പെട്ടെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
കൽപ്പറ്റ സെഷൻസ് കോടതി ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, പോലീസിന്റെയും സിബിഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികൾ ഉൾപ്പടെ പരിശോധിക്കുമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
ആത്‍മഹത്യാ പ്രേരണ, റാഗിങ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്‌തതിനെ തുടർന്ന് സിദ്ധാർഥൻ ആത്‍മഹത്യ ചെയ്‌തുവെന്നാണ് കേസ്.
Most Read| ‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്