കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി. റിപ്പോർട്ടിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹരജിയിൽ സർക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു.
കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങൾ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകൾ സർക്കാരിന്റെ പക്കൽ ഉണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണരൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങൾ ആണെന്ന് കോടതി നിരീക്ഷിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സർക്കാരിനോട് കോടതി ചോദിച്ചു. നടപടി എടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പടെയുള്ളവ പാഴ്‌വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മൊഴി തന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്റെ മറുപടി.
മൊഴി നൽകിയർവർക്ക് നേരിട്ട് മുൻപിൽ വരാൻ താൽപര്യം ഉണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ചു റിപ്പോർട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ആക്റ്റിങ് ചീഫ് ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലൈംഗികാതിക്രമം ഉൾപ്പടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നൽകിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി വനിതാ കമ്മീഷനെയും കക്ഷി ചേർത്തു.
Most Read| വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ; പാർട്ടിയുടെ പതാക പുറത്തിറക്കി വിജയ്