കൊച്ചി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്തുവിടാനിരിക്കേയാണ് കോടതിയുടെ ഇടപെടൽ. കൊച്ചി സ്വദേശിയായ സിനിമാ നിർമാതാവ് സജിമോൻ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് പിഎം മനോജിന്റെ ഉത്തരവ്.
പേര് വിവരങ്ങളുള്ള ഭാഗം ഒഴിവാക്കിയാണ് പുറത്തുവിടുന്നതെങ്കിലും, റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്‌തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമർപ്പിച്ചത്. കമ്മീഷന് മുന്നിൽ വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്‌തികളുടെ ജീവന് പോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട് പുറത്തുവിടാനുള്ള തീരുമാനമെന്നും ഹരജിയിൽ പറയുന്നു.
ആവശ്യമായ കൂടിയാലോചനകൾ നടത്താതെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഇത് ബാധിക്കപ്പെടുന്ന വ്യക്‌തികൾക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാകും. ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും കഴിയാതെ ഇത് അവരുടെ പ്രതിച്ഛായയെ പോലും ബാധിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ആരോപണ വിധേയരായവർക്ക് തങ്ങളുടെ ഭാഗങ്ങൾ വിശദീകരിക്കാൻ പോലുമുള്ള വേദിയോ സാഹചര്യമോ ഇല്ല. തങ്ങളുടെ ഭാഗം കേൾക്കാൻ ഹേമ കമ്മിറ്റി തയ്യാറായില്ലെന്നും കമ്മിറ്റിക്ക് മുമ്പാകെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം കിട്ടിയില്ലെന്നും ഹരജിക്കാരൻ വാദിച്ചു. വ്യക്‌തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇവിടെയുണ്ടാകുന്നതെന്നും വിശദമായ വാദം കേൾക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
ഇതോടെ, സംസ്‌ഥാന സർക്കാർ, സംസ്‌ഥാന വിവരാവകാശ കമ്മീഷൻ, സംസ്‌ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ അപലറ്റ് അതോറിറ്റി എന്നിവർ ഒരാഴ്‌ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ സർക്കാർ പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഹൈക്കോടതി സ്‌റ്റേ ഉണ്ടായിരിക്കുന്നത്.
Most Read| ഗാസയിൽ പോളിയോ വൈറസ് സാന്നിധ്യം; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന







































