കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്നും ഉപയോക്‌താക്കൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്ന ഇടക്കാല ഉത്തരവിൽ തിരുത്തുമായി ഹൈക്കോടതി. ദേശീയ പാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും തുറന്നു കൊടുക്കണമെന്നാണ് ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം.
ദേശീയപാത അല്ലാത്ത സ്‌ഥലങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് സിഎസ് ഡയസിന്റേതാണ് ഉത്തരവ്. അതേസമയം, ഇത്തരം ശുചിമുറികൾക്ക് മുമ്പാകെ പൊതുശുചിമുറി എന്ന ബോർഡ് സ്‌ഥാപിക്കരുതെന്നും സംസ്‌ഥാന സർക്കാരിനും തിരുവനന്തപുരം കോർപറേഷനും കോടതി നിർദ്ദേശം നൽകി.
തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നൽകിയ ഹരജിയാണ് കോടതി മുമ്പാകെ ഉണ്ടായിരുന്നത്. പമ്പുകളിൽ ഇന്ധനമടിക്കാൻ എത്തുന്നവർക്ക് അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!