കോഴിക്കോട്: സംവിധായകൻ വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല. വിഎം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തുവെന്ന് കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ തള്ളിയത്.
വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയതെന്ന് കോടതി ചോദിച്ചു. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ ഇദ്ദേഹത്തിന് മൽസരിക്കാൻ കഴിഞ്ഞില്ല.
തന്റെ പേര് ഭരണകക്ഷിയിൽപ്പെട്ടവർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് വിഎം വിനു ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കക്ഷി ഒരു സെലിബ്രിറ്റിയാണെന്നും മേയർ സ്ഥാനാർഥിയായതിനാൽ വിജയിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇതോടെ, സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. സെലിബ്രിറ്റി ആയതുകൊണ്ടുമാത്രം അനുകൂല ഉത്തരവ് നൽകാനാവില്ല. സെലിബ്രിറ്റികൾക്കും സാധാരണ പൗരൻമാർക്കും ഒരേ നിയമമാണ് ബാധകം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വിനുവിനെ സഹായിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഇതോടെ, കഴിഞ്ഞദിവസം മുട്ടട വാർഡിൽ മത്സരിക്കുന്ന വൈഷ്ണ സുരേഷിന്റെ കാര്യത്തിൽ കോടതിയുടെ തീരുമാനം വ്യത്യസ്തമായിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, മുട്ടടയിലെ കാര്യവും ഇതും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി പറഞ്ഞു. അവിടുത്തെ സ്ഥാനാർഥിയും ഇതും തമ്മിൽ വ്യത്യാസമുണ്ട്.
അവിടെ പ്രാഥമിക പട്ടികയിലടക്കം പേരുണ്ടായിരുന്നു. എന്നാൽ, ഇവിടെ അങ്ങനെയല്ലല്ലോ എന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ മാദ്ധ്യമങ്ങളിൽ വരുന്നുണ്ട്. സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. എതിർപ്പുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. എന്നാൽ, കമ്മീഷന് പോലും ഇതിൽ ഒന്നും ചെയ്യാനില്ലെന്നും കോടതി പറഞ്ഞു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































