കൊച്ചി: വനിതാ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമാകും വരെ അറസ്‌റ്റ് പാടില്ലെന്നാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ ജോസഫ് നിർദ്ദേശിച്ചിരിക്കുന്നത്. ജാമ്യഹരജിയിൽ നാളെയും വാദം തുടരും.
ബലാൽസംഗ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ വേടൻ ഒളിവിലാണ്. കേസിലെ പരാതിക്കാരിയെ കഴിഞ്ഞദിവസം കേസിൽ കക്ഷി ചേർത്തിരുന്നു. വേടനെതിരെ ഒട്ടേറെപ്പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് വാദത്തിനിടെ പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ, മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു.
തുടർന്ന് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വേടൻ മാപ്പ് പറഞ്ഞ കാര്യം പരാതിക്കാരി ചൂണ്ടിക്കാട്ടി. വേടനുമായി പിരിഞ്ഞതിന് ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു. വേടനെതിരെ വേറെയും പരാതികളുണ്ടെന്നും അത്തരത്തിൽ രണ്ട് യുവതികൾ പരാതി മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും പരാതിക്കാരി വ്യക്‌തമാക്കി.
എന്നാൽ, ക്രിമിനൽ നടപടിക്രമങ്ങളിൽ മുഖ്യമന്ത്രിക്ക് എന്താണ് കാര്യമെന്നും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി വ്യക്‌തമാക്കിയത്. ഇനി പ്രോസിക്യൂഷന്റെയും വേടന്റെയും വാദങ്ങൾ കൂടി കേട്ട ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ