കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ഹൈക്കോടതി നിർദ്ദേശം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹരജിയിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
നാലാഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോടതി നിർദ്ദേശം നൽകി. തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ ഫയൽ ചെയ്ത ഹരജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കരാർ പ്രകാരമുള്ള സൗകര്യങ്ങൾ നൽകാതെ ടോൾനിരക്ക് വർധിപ്പിക്കുന്നത് അടക്കമാണ് ഹരജിക്കാർ ചോദ്യം ചെയ്തത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം