കൊച്ചി: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിലെ പുതിയ ഭരണസമിതിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാൻ വിലക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പുതിയ ഭരണസമിതി തീരുമാനമെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഈ മാസം 16ന് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാർ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകൾ വോട്ട് ചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മൽസരിച്ച കോൺഗ്രസ് സ്‌ഥാനാർഥികളായ 11 പേരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
അതേസമയം, ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ സംസ്‌ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന് ജസ്‌റ്റിസ് എൻ നഗരേഷ് നോട്ടീസയച്ചു. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. ഹരജിയിൽ സർക്കാരിനെ എതിർകക്ഷി ആക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ഹർജിക്കാരുടെ വാദം.
സിപിഎം പിന്തുണയോടെ മൽസരിച്ച കോൺഗ്രസ് വിമതരാണ് ഇത്തവണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പിന്തുണയോടെ ബാങ്കിന്റെ അധികാരം പിടിച്ചെടുത്തതിനെതിരെയാണ് ഔദ്യോഗിക പാനലായി മൽസരിച്ച കോൺഗ്രസ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി