ന്യൂ ഡെല്‍ഹി: രാജ്യത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്ടി നികുതി പിരിവ് സെപ്റ്റംബര്‍ മാസത്തില്‍. 95,840 കോടിയാണ് കഴിഞ്ഞ ഒരു മാസത്തെ നികുതി പിരിവില്‍ ലഭിച്ച തുക. മാര്‍ച്ചിന് ശേഷം ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്.
കഴിഞ്ഞ സെപ്റ്റംബറിനെക്കാള്‍ 4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ നികുതി ഏപ്രില്‍ മാസത്തേക്കാള്‍ മൂന്നു മടങ്ങാണ് വര്‍ദ്ധിച്ചത്. ആകെ തുകയില്‍ 17,741 കോടി കേന്ദ്ര ജിഎസ്ടിയും, 23,131 കോടി സംസ്ഥാന ഇനത്തിലുമാണ് ലഭിച്ചത്. ബാക്കി തുകയായ 47,484 കോടി ഏകീകൃത ഇനത്തിലുമാണ് പിരിച്ചെടുത്തത്.
ഇതില്‍ കയറ്റുമതിക്കുള്ള നികുതിയായി 22,422 കോടിയും സെസ്സ് ഇനത്തില്‍ പിരിച്ച 7124 കോടിയും ഉള്‍പ്പെടുന്നു. ആഗസ്റ്റിൽ ആകെ പിരിച്ചെടുത്ത തുക 86,499 കോടിയായിരുന്നു. ജൂണ്‍ മാസത്തിലും നികുതി പിരിവ് തൊണ്ണൂറായിരം കോടി കടന്നിരുന്നു.







































