ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. ഷിംല, ലഹൗൾ, സ്‌പിതി ജില്ലകളിലെ ഒട്ടെറെ പാലങ്ങൾ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്.
ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാലുപേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്‌വരയ്‌ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ദുർഘടമായ ഭൂപ്രദേശവും മോശം കാലാവസ്‌ഥയും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ട്.
ഗൻവി മേഖലയിൽ ഒരു പോലീസ് പോസ്‌റ്റ് ഒലിച്ചുപോയി. ബസ് സ്‌റ്റാൻഡും സമീപത്തുണ്ടായിരുന്ന കടകൾക്കും കേടുപാടുകളുണ്ടായി. രണ്ട് പാലങ്ങൾ ഒലിച്ചുപോയതോടെ ഷിംല ജില്ലയിലെ കൂട്ട്, ക്യാവ് മേഖലകൾ ഒറ്റപ്പെട്ടതായി അധികൃതർ പറഞ്ഞു.
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡെൽഹിയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഡെൽഹിയിലെ ഗാസിയാബാദ്, ഗുരുഗ്രാം ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 17 വരെ മഴ തുടരുമെന്നാണ് പ്രവചനം. ഉത്തർപ്രദേശിൽ ബറേലി, ലഖിംപുർ, പിലിഭട്ട്, ഷാജഹാൻപുർ, ബഹ്റൈച്ച്, സിതാപുർ, ശ്രാവസ്‌തി, ബാൽറാംപുർ, സിദ്ധാർഥ് നഗർ, ഗോണ്ട, മഹാരാജ് ഗഞ്ച് എന്നിവിടങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. മഴയിൽ ലഖ്‌നൗ നഗരവും വെള്ളത്തിലായി.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!