തിരുവനന്തപുരം: വഴുതക്കാട്ടെ ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം. അനന്തപുരി എഫ്എം റേഡിയോയിൽ മലയാള പരിപാടിയെക്കാൾ കൂടുതൽ സമയം ഹിന്ദി ആക്കിയതിനെതിരെയാണ് തിരുവനന്തപുരം ആകാശവാണിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്. ‘ഓൾ ഇന്ത്യ റേഡിയോ ഓൾ ഹിന്ദി’ ആകുന്നതിനെതിരെ സംഘടിപ്പിച്ച കൂട്ടായ്‌മ ബിനോയ് വിശ്വം എംപി ഉൽഘാടനം ചെയ്‌തു.
നേരത്തെ അനന്തപുരി എഫ്എമ്മിൽ കൂടുതൽ സമയം പരിപാടികൾ മലയാളവും കുറച്ചു സമയം ഹിന്ദിയും ആയിരുന്നു. എന്നാലിപ്പോൾ നേരെ തിരിച്ചാണ്. അനന്തപുരി എഫ്എം നിലയത്തിന്റെ പേരും മാറ്റി. ‘വിവിധ് ഭാരതി മലയാളം’ എന്നാണ് ഇപ്പോഴത്തെ പേര്. കേരളത്തിൽ വളരെ കുറച്ചു പേർക്ക് മാത്രം ഉപയോഗിച്ച് ശീലമുള്ള ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെയാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്.
ഭാഷാ വൈവിധ്യത്തെ പോലും അംഗീകരിക്കാത്ത ആർഎസ്എസ് നിലപാടാണ് ആകാശവാണിയിൽ പോലും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്‌മ ഉൽഘാടനം ചെയ്‌ത് കൊണ്ട് ബിനോയ് വിശ്വം പറഞ്ഞു. പരിപാടിയിൽ സാംസ്‌കാരിക-രാഷ്‌ട്രീയ നേതാക്കൾ പങ്കെടുത്തു.
Most Read: ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് യുഎൻ





































