ഹണി റോസ് വ്യത്യസ്ത വേഷത്തിലെത്തുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈൻ സഹനിർമാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയുടെ ആദ്യ പോസ്റ്ററുകളും ടീസറും വലിയ സ്വീകാര്യത നേടിയിരുന്നു. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും റേച്ചൽ എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഏറെ വയലൻസും രക്തചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് സൂചന.
ഹണി റോസിനെ കൂടാതെ, ബാബുരാജ്, ചന്തു സലിംകുമാർ, റോഷൻ ബഷീർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി കെ ജോൺ, ദിനേശ് പ്രഭാകർ, പോളി വൽസൻ, വന്ദിത മനോഹരം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.
സംഗീതം, പശ്ചാത്തല സംഗീതം- ഇഷാൻ ചെമ്പ്ര, എഡിറ്റിങ്- മനോജ്, ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ-സുജിത്ത് രാഘവ്, എക്സി. പ്രൊഡ്യൂസേഴ്സ്- ഷെമി ബഷീർ, ഷൈമ മുഹമ്മദ് ബഷീർ, ചീഫ് അസോ-ഡയറക്ടർ- രതീഷ് പാലോട്, മേക്കപ്പ്- രതീഷ് വിജയൻ, പിആർഒ- എഎസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































