നിലമ്പൂർ: കേരള ബാങ്ക് ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്ത നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്‌തു. നിലമ്പൂർ പാത്തിപ്പാറയിലെ കൊടുന്തറ ബിനു അലക്‌സാണ്ടറിന്റെ പേരിലുള്ള 20.5 സെന്റ് സ്‌ഥലവും അതിലുള്ള വീടുമാണ് ജപ്‌തി ചെയ്‌തത്.
അതേസമയം, ഇപ്പോൾ നടത്തിയത് കോടതിയുടെ വിധിയനുസരിച്ചുള്ള നിയമപരമായ നടപടി മാത്രമാണെന്നും ഒറ്റത്തവണയായി പണം തിരിച്ചടയ്‌ക്കാൻ അവസരമുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു. 2018ലാണ് അലക്‌സാണ്ടർ നിലമ്പൂർ കേരള ബാങ്ക് ശാഖയിൽനിന്ന് വായ്‌പ എടുത്തത്. സുഹൃത്തായ മുനീബിന്റെ മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു വായ്‌പ എടുത്തതെന്ന് ഇവർ പറയുന്നു.
കോവിഡ് വന്നതോടെ അലക്‌സാണ്ടറിന് സൗദിയിലെ ജോലി നഷ്‌ടമായി നാട്ടിലേക്ക് തിരിച്ചുവരേണ്ടി വന്നു. മുനീബിന് രോഗം ബാധിച്ച് കാഴ്‌ച നഷ്‌ടമായതോടെ അദ്ദേഹത്തിനു പണം തിരിച്ചടക്കാനും കഴിഞ്ഞില്ല. വീട് ജപ്‌തി ചെയ്‌ത് സീൽ ചെയ്‌തതോടെ കുടുംബം താമസിക്കാൻ മറ്റൊരിടമില്ലാത്തതിനാൽ വീടിനുമുന്നിൽ പ്‌ളാസ്‌റ്റിക് ഷീറ്റ് കെട്ടി അതിനുള്ളിലിരിക്കുകയാണ്. വീട് സീൽ ചെയ്‌തതിനാൽ വൈദ്യുതിയുമില്ല.
വായ്‌പയിൽ ഇപ്പോൾ പലിശയടക്കം 22 ലക്ഷമാണ് നിലവിലെ കടബാധ്യത. പലിശയിനത്തിൽ 40 ശതമാനം വരെ ഇളവ് നൽകാമെന്നും 17 ലക്ഷം ഒറ്റത്തവണയായി അടച്ചാൽ ജപ്‌തി ഒഴിവാക്കാമെന്നും അധികൃതർ പറഞ്ഞു. സർഫാസി നിയമപ്രകാരം മഞ്ചേരി സിജെഎം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്‌തി നടന്നത്.

മൂന്നുമക്കളിൽ ഒരാൺകുട്ടി കൂലിപ്പണിക്ക് പോകുകയാണ്. രണ്ടാമത്തെയാൾ കിഡ്‌നിക്ക് അസുഖം ബാധിച്ച് ചികിൽസയിലുമാണ്. ഒരു മോളുണ്ട്. അവളെ വിവാഹംകഴിച്ചു അയച്ചെങ്കിലും ഭർത്താവ് മരിച്ചതിനാൽ അവരെയും കുടുംബത്തെയും സംരക്ഷിക്കുന്നതും അലക്‌സാണ്ടർ ആണെന്ന് കുടുംബം പറഞ്ഞു.

പണം തിരിച്ചടയ്‌ക്കാൻ യാതൊരു നിർവാഹമില്ലെന്നാണ് ബിനുവും ഭർത്താവ് അലക്‌സാണ്ടറും പറയുന്നത്. ആരെങ്കിലും ഈ സ്‌ഥലം വിലയ്‌ക്ക് വാങ്ങാൻ തയ്യാറായാൽ തങ്ങളുടെ കടം വീട്ടാമെന്ന പ്രതീക്ഷയിലാണ് കുടുംബം. സഹായിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണിവർ. നിലമ്പൂർ പാത്തിപ്പാറ സ്വദേശി അലക്‌സാണ്ടറുടെ മൊബൈൽ നമ്പർ: 9400-865-388
MOST READ | പരിമിതികളിൽ പതറാതെ രേവതി