മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്‌റ്റർ എത്തിയിരിക്കുന്നത്.
മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാളവിക മോഹനനും സംഗീത പ്രതാപുമാണ് പോസ്‌റ്ററിൽ ഉള്ളത്. മോഹൻലാലാണ് ചിത്രത്തിന്റെ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ഹൃദയത്തിൽ നിന്ന് നേരിട്ട്, അരികെ പ്രിയപ്പെട്ടവർ എന്നാണ് പോസ്‌റ്റർ പങ്കുവെച്ച് മോഹൻലാൽ എഴുതിയത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിന് പുറമെ പൂനെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇടവേളയ്‌ക്ക് ശേഷമാണ് സത്യൻ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയുടെ പശ്‌ചാത്തലത്തിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
ബന്ധങ്ങളെ ഹൃദയഹാരിയാക്കുന്ന കഥാമുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്. ബന്ധങ്ങളെ മറ്റുരയ്‌ക്കുന്ന, വളരെ പ്ളസന്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ ട്രേഡ്‌മാർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന നർമവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലും പ്രതീക്ഷിക്കാം.

സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടിപി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഗാനങ്ങൾ- മനു മഞ്ജിത്ത്, സംഗീതം- ജസ്‌റ്റിൻ പ്രഭാകർ, കലാസംവിധാനം- പ്രശാന്ത് നാരായണൻ, മേക്കപ്പ്- പാണ്ഡ്യൻ, കോസ്‌റ്റ്യൂം ഡിസൈനർ- സമീരാ സനീഷ്, സഹസംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ- ആദർശ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, ഫോട്ടോ- അമൽ സി സദർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































