ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സ്വീകരിക്കുന്ന നീക്കങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപിയും എന്‍കെ പ്രേമചന്ദ്രന് എംപിയും ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്കി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് എംപിമാരുടെ ആവശ്യം. നോട്ടിസിന് അവതരണാനുമതി ലഭിച്ചാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യും.
കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് നല്‍കാതെ തുറന്നതിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധിക്കും. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലാണ് പ്രതിഷേധം നടക്കുക.
“ഡാമിന്റെ സുരക്ഷാ ഭീഷണിയെക്കുറിച്ച് പറയുമ്പോഴൊക്കെയും ഒരു വിധത്തിലുമുള്ള ഭീഷണി ഇല്ലെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നത്. കേരളത്തോട് ആലോചിക്കുകയോ മുന്നറിയിപ്പ് നല്കാതെയോ ആണ് ഷട്ടറുകള്‍ തുറക്കുന്നത്”-.ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. തമിഴ്നാട് സര്‍ക്കാരിനുവേണ്ടി എല്ലാം സമ്മതിച്ചു കൊടുക്കുന്ന സമീപനം ശരിയല്ലെന്നും ഇടുക്കി എംപി ആരോപിച്ചു.
നിലവില്‍ മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 10 ഷട്ടറുകളിൽ 9 എണ്ണവും അടച്ചിട്ടുണ്ട്. ഒരു ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളത്. ഇത് 10 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ 493 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതേസമയം ഡാമിൽ ജലനിരപ്പ് 142 അടിയായി തുടരുകയാണ്.
കഴിഞ്ഞ ദിവസം വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ഉയരാൻ കാരണമായത്. നിലവിൽ 2,360 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റർ വീതം ഉയർത്തിയത്.
ഒന്നരമണിക്കൂർ 60 സെന്റിമീറ്റർ തുറന്ന ഷട്ടറുകൾ പുലർച്ചെ 4.30ന് പകുതി താഴ്ത്തിയിരുന്നു. രാവിലെ ആറരയോടെ 5 ഷട്ടറുകൾ അടക്കുകയും ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നതോടെ വീടുകളിൽ അടക്കം വെള്ളം കയറി. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Read also: പെരിയ ഇരട്ടക്കൊല; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും








































