മുംബൈ: സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുർവിനിയോഗം ചെയ്‌തതിനും നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറിന് 22 കോടിയുടെ സ്വത്തുക്കളെന്ന് റിപ്പോർട്. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്‌ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്ക് രണ്ട് ഫ്‌ളാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയും സ്വന്തമായുണ്ട്.
ഇവയുടെയെല്ലാം കൂടി മൂല്യം 22 കോടിയാണ്. പുണെ ജില്ലയിലെ മഹലുംഗിൽ 16 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്‌ഥലങ്ങൾ ഉണ്ട്. പുണെയിലെ തന്നെ ധഡാവാലിയിൽ നാലുകോടി രൂപയും അഹമ്മദ്‌നഗറിലെ പച്ചുണ്ടയിൽ 25 ലക്ഷം രൂപയും നന്ദൂരിൽ ഒരുകോടി രൂപയും വിലമതിക്കുന്ന ഭൂമി ഉണ്ടെന്നാണ് വിവരം. പച്ചുണ്ടെയിലെയും നന്ദൂരിലേയും ഭൂമി അമ്മയുടെ സമ്മാനമാണെന്നാണ് പൂജ അധികൃതരെ അറിയിച്ചിരിക്കുന്നത്.
സ്വത്തുക്കളിൽ നിന്ന് മാത്രം 30 ലക്ഷം വാർഷിക വരുമാനവും ഫ്‌ളാറ്റുകളിൽ നിന്ന് എട്ടുലക്ഷം രൂപയുടെ വരുമാനവും ലഭിക്കുന്നുവെന്നാണ് കണക്ക്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് സ്വത്തുക്കൾ വാങ്ങിയിരിക്കുന്നത്. ഇതിൽ നിന്നടക്കം പ്രതിവർഷം 42 ലക്ഷമാണ് പൂജയുടെ വാർഷിക വരുമാനം. 2023 ബാച്ച് ഐഎഎസ് ഓഫീസറായ പൂജ 2025 ജൂൺ വരെ പ്രൊബേഷനിലാണ്. വകുപ്പുതല നടപടിയുടെ ഭാഗമായി ഇവരെ സ്‌ഥലം മാറ്റിയിരുന്നു.
പൂജ ഖേദ്‌കർ യുപിഎസ്‌സി പട്ടികയിൽ നിയമനം നേടാൻ സമർപ്പിച്ചത് കാഴ്‌ച, മാനസിക വെല്ലുവിളി നേരിടുന്നയാൾ എന്ന രേഖകളാണെന്നാണ് റിപ്പോർട്ടുകൾ. യുപിഎസ്‌സി ഉദ്യോഗാർഥികൾ നിർബന്ധമായും വിധേയമാകേണ്ട മെഡിക്കൽ പരിശോധനകൾക്ക് ആറ് തവണയും ഇവർ വിസമ്മതിച്ചിരുന്നു. പിന്നെ എങ്ങനെയാണ് ഇവർ നിയമിക്കപ്പെട്ടത് എന്ന ചോദ്യമാണ് ഉയരുന്നത്. ഓൾ ഇന്ത്യാ തലത്തിൽ 841 ആണ് ഇവരുടെ റാങ്ക്. ഒബിസി ആണെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ, ഇതിലും സംശയങ്ങൾ ഉയരുന്നുണ്ട്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി






































