ദുബായ്: ട്വിന്റി20 ലോകകപ്പ് മൽസരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.
ചൊവ്വാഴ്‌ച ഐസിസി ഭാരവാഹികളും ബിസിബി അംഗങ്ങളും ഓൺലൈനായി ചേർന്ന യോഗത്തിൽ ഐസിസി വിഷയത്തിൽ നിലപാട് അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ബംഗ്ളാദേശിന്റെ മൽസരങ്ങൾ മാറ്റേണ്ടതില്ലെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. ഇന്ത്യയിൽ ബംഗ്ളാദേശ് താരങ്ങൾക്ക് ഭീഷണിയുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നും ഐസിസി ചർച്ചയിൽ നിലപാടെടുത്തു.
ഈ സാഹചര്യത്തിൽ ബംഗ്ളാദേശിന്റെ മൽസരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായി തന്നെ തടത്താമെന്ന നിർദ്ദേശവും ഐസിസി മുന്നോട്ടുവെച്ചു. ഇന്ത്യയിലെ ബംഗ്ളാദേശിന്റെ മൽസരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഐസിസിക്ക് കത്തയച്ചിരുന്നു. തുടർന്നാണ് ഇരു വിഭാഗങ്ങളും ഓൺലൈനായി യോഗം ചേർന്നത്.
ട്വിന്റി20 ലോകകപ്പിൽ പാക്കിസ്‌ഥാന്റെ മൽസരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. പാക്ക് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് പാക്ക് ബോർഡ് തീരുമാനിച്ചതോടെയാണ് പാക്കിസ്‌ഥാന്റെ കളികൾ ശ്രീലങ്കയിൽ നടത്താൻ ധാരണയായത്. ഇതേ രീതിയാണ് ബംഗ്ളാദേശും ആവശ്യപ്പെട്ടതെങ്കിലും ഐസിസി തള്ളിക്കളയുകയായിരുന്നു
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നാല് മൽസരങ്ങളാണ് ബംഗ്ളാദേശിന് ഇന്ത്യയിൽ കളിക്കാനുള്ളത്. അതിൽ മൂന്നും കൊൽക്കത്തയിലാണ്. ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ വെസ്‌റ്റിൻഡീസിന് എതിരെയാണ് ആദ്യ പോരാട്ടം. ഇംഗ്ളണ്ട്, ഇറ്റലി, നേപ്പാൾ ടീമുകൾക്കെതിരെയാണ് ബംഗ്ളാദേശിന്റെ മറ്റു മൽസരങ്ങൾ. മൽസരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റുമ്പോൾ ഭാരിച്ച ചിലവാണ് സംഘാടകർക്ക് വഹിക്കേണ്ടിവരിക.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































