കാസർഗോഡ്: സർക്കാരിന്റെ നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിലാണ് സോഫ്റ്റ് വെയർ നടപ്പിലാക്കുന്നത്. എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങൾ സുതാര്യമായും ലളിത,മായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎൽജിഎംഎസ് പദ്ധതി നടപ്പിലാക്കിയത്. പ്രാദേശിക ഭരണ രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനം ഇ-ഗവേണൻസ് രംഗത്ത് പുതിയ കാൽവെപ്പാണ് സൃഷ്‌ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി പൂർത്തിയാക്കിയ സോഫ്റ്റ് വെയർ കേരളത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്തുകളിൽ നിന്ന് ലഭ്യമാകുന്ന 200 ലധികം സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദേശങ്ങളും ഓൺലൈൻ ആയി അയക്കുന്നതിനുള്ള സംവിധാനമാണ് ഐഎൽജിഎംഎസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഈ സംവിധാനം സഹായകമാകും. ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനമായതിനാൽ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീ ഇനത്തിലുള്ള വലിയ തുക ഒഴിവായി കിട്ടും. വിവരങ്ങളും സുരക്ഷിതമായിരിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ജനകീയാസൂത്രണ പദ്ധതി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ജില്ലയിലെ പത്ത് ഗ്രാമ പഞ്ചായത്തുകളിൽ ഈ സംവിധാനം ആരംഭിച്ചു. തൃക്കരിപ്പൂർ, കോടോം ബേളൂർ, കള്ളാർ, കുറ്റിക്കോൽ, ബേഡഡുക്ക, മീഞ്ച, മധൂർ, പൈവളിഗെ, വോർക്കാടി എന്നീ പഞ്ചായത്തുകളിലാണ് ഐഎൽജിഎംഎസ് നടപ്പാക്കുന്നത്.