കൊച്ചി: പറവ ഫിലിംസ് ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്‌ഥർ കണ്ടെത്തിയെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണിവരെ നീണ്ടിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. പറവ ഫിലിംസ് യഥാർഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. ഡ്രീം ബിഗ് ഫിലിംസ് എന്ന നിർമാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ഇരു നിർമാണ കമ്പനികൾക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്‌ഥാപനമാണ് പണം നൽകിയതെന്നും ഇതിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ, 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചിലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായനികുതി വകുപ്പ്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ