വയനാട്: കാലിത്തീറ്റയുടെ വില വർധിച്ചതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. മാസങ്ങളുടെ വ്യത്യാസത്തിൽ 200 രൂപയോളമാണ് കാലിത്തീറ്റയ്‌ക്ക് വില വർധിച്ചത്. അതേസമയം, പാൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതും കർഷകരെ ആശങ്കയിലാക്കുകയാണ്. ഇതോടെ പരിപാലനത്തിന് ചിലവ് ഏറിയതോടെ ജില്ലയിലെ നിരവധി ക്ഷീര കർഷകർ കൃഷി ഉപേക്ഷിച്ചു. കന്നുകാലികളുടെ അസുഖത്തിനുള്ള ചികിൽസാ ചിലവും കോവിഡ് കാലത്ത് വർധിച്ചതും ഇരുട്ടടിയായിട്ടുണ്ട്.
കേരളാ ഫീഡ്‌സ് അടക്കമുള്ള ബ്രാൻഡുകളുടെ കാലിത്തീറ്റയുടെ വില താങ്ങാനാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ ജില്ലയിൽ തീറ്റപ്പുല്ലിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ തമിഴ്‌നാട്ടിൽ നിന്ന് വൈക്കോൽ എത്തിക്കുന്നുണ്ട്. എന്നാൽ, പച്ചപ്പുല്ലിന്റെ ക്ഷാമം മൂലം മറ്റ് ഭക്ഷ്യ വസ്‌തുക്കളാണ് കന്നുകാലികൾക്ക് ഇപ്പോൾ നൽകുന്നത്. ഇത് പാൽ ഉൽപ്പാദനം കുറയാൻ കാരണമാകുന്നുവെന്നാണ് കർഷകർ പറയുന്നത്.
നിലവിൽ കാലിത്തീറ്റയുടെ വില താങ്ങാനാവാത്തതോടെ ബിയർ വെസ്‌റ്റിനെയാണ് വയനാട്ടിലെ ക്ഷീര കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്. അതും മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് വരുന്നവയാണ്. രണ്ട് നേരം തവിട് മിക്‌സും ഒരു നേരം കാലിത്തീറ്റയും ബിയർ വേസ്‌റ്റും എന്ന നിലയിലാണ് പലരും നൽകുന്നത്. ജില്ലയിലെ അനേകം ക്ഷീര കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റു പല തൊഴിൽ മാർഗവും സ്വീകരിച്ചിരിക്കുകയാണ്.
Read Also: വളർത്ത് മൃഗങ്ങളുടെ ലൈസൻസ്; കോഴിക്കോട് കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം





































