കാസർഗോഡ് : ജില്ലാ ആശുപത്രിയിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിൽസക്കായി വിട്ട് നൽകിയ സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്ന ആളുകൾ ദുരിതത്തിൽ. തുടക്ക സമയത്ത് ആശുപത്രിയിലെ പേ വാർഡാണ് കോവിഡ് ചികിൽസക്കായി വിട്ടു നൽകിയത്. എന്നാൽ തുടർന്ന് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ കിടക്കകൾ വിട്ട് നൽകുകയായിരുന്നു.
നിലവിൽ ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ അടക്കം കോവിഡ് രോഗികൾ നിറഞ്ഞതിനാൽ മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്ന ആളുകൾക്ക് ഐസിയു പോലും ലഭ്യമാകാത്ത സ്ഥിതിയാണ്. കൂടാതെ ആകെ 4 വാർഡുകളുള്ള ആശുപത്രിയിലെ 2 വാർഡുകളും കോവിഡ് രോഗികൾക്ക് വിട്ട് നൽകിയതോടെ മറ്റ് രോഗികൾ ആശുപത്രിയിൽ ഇടമില്ലാത്ത വലയുകയാണ്. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധികൾക്ക് ചികിൽസ തേടി എത്തുന്ന ആളുകളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്.
ജില്ലാ ആശുപത്രി കോംപൗണ്ടിൽ തന്നെ എൻഡോസൾഫാൻ ഫണ്ടിൽ നിന്നു നിർമിച്ച 5 നില കെട്ടിടമുണ്ട്. കെട്ടിട നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വൈദ്യുതീകരണം വൈകിയത് കാരണം ഇതുവരെ തുറന്നു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ പണി തീർത്ത് കെട്ടിടം ഉടൻ തുറന്ന് നൽകുമെന്ന് കളക്ടർ ഉൾപ്പടെയുള്ളവർ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്ന് ആളുകൾ വ്യക്തമാക്കുന്നു.
Read also : 4.9 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി; ഡിവൈഎസ്പി ഉൾപ്പടെയുള്ളവരെ സ്ഥലം മാറ്റി








































