ന്യൂഡെൽഹി: ദീപാവലി ഉൾപ്പടെ രാജ്യത്ത് ഏറ്റവും തിരക്കേറിയ യാത്രാ സീസണിന് വ്യോമയാന മേഖല ഒരുങ്ങിനിൽക്കവേ, ടിക്കറ്റ് നിരക്ക് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം. കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ട ഡിജിസിഎ നിരക്ക് വർധനവിൽ ഇടപെടൽ ഉണ്ടാകുമെന്നും വ്യക്‌തമാക്കി.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത്, സർവീസുകൾ വർധിപ്പിക്കാനും ന്യായമായ നിരക്ക് ഈടാക്കാനും ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. ഉൽസവ കാലയളവിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാന കമ്പനികളുമായി ചർച്ച നടത്തിയെന്നാണ് ഡിജിസിഎ പറയുന്നത്.
പ്രധാന റൂട്ടുകളിലെ വിമാന യാത്രാ നിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്‌ത ശേഷമാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. ഒക്‌ടോബർ, നവംബർ മാസങ്ങളിലായി ആയിരക്കണക്കിന് അധിക വിമാന സർവീസുകൾ ഉണ്ടാകുമെന്നാണ് വിമാനക്കമ്പനികളുടെ മറുപടി.
ഇൻഡിഗോ, 42 സെക്‌റ്ററുകളിലായി ഏകദേശം 730ലധികം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ചേർന്ന് 20 റൂട്ടുകളിലായി ഏകദേശം 486 അധിക സർവീസുകൾ നടത്തും. സ്‌പൈജെറ്റ് 38 സെക്റ്ററുകളിലായി 546 അധിക സർവീസുകൾ നടത്തും.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്