ലണ്ടൻ: സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും. ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുകെയിൽ എത്തിയിരുന്നു. മോദിയുടെയും യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടീഷ് വാണിജ്യ മന്ത്രി ജൊനാഥൻ റെയ്‌നോൾഡ്‌സ് എന്നിവർ കരാറിൽ ഒപ്പിട്ടു.
2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ. സാമ്പത്തിക വളർച്ചയ്‌ക്കും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും പുതിയ മാർഗങ്ങൾ സൃഷ്‌ടിക്കുന്ന കരാർ ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ജനസംഖ്യയുടെ 44% വരുന്ന കർഷക ജനതയാകും കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കൾ. കരാർ യാഥാർഥ്യമായതോടെ ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കും സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾക്കും തീരുവയില്ലാതെ ബ്രിട്ടീഷ് മാർക്കറ്റുകളിൽ വിപണനം നടത്താം. മഞ്ഞൾ, കുരുമുളക്, ഏലക്ക, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കളായ മാങ്ങ പൾപ്പ്, അച്ചാർ, ധാന്യങ്ങൾ എന്നിവയ്‌ക്കാണ് പുതിയ കരാറിന് കീഴിൽ തീരുവ ഒഴിവാക്കിയിട്ടുള്ളത്.
ഇത് ഇന്ത്യൻ കർഷകരുടെ വിപണി സാധ്യതയും ലാഭവും വർധിപ്പിക്കും. അതേസമയം, യുകെയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യൻ കർഷകരെ ബാധിക്കാത്ത തരത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പാലുൽപ്പന്നങ്ങൾ, ആപ്പിൾ, ഓട്‌സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നൽകാത്തതിനാൽ ആഭ്യന്തര കർഷകരെ ബാധിക്കില്ലെന്നും സർക്കാർ വ്യക്‌തമാക്കി.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!