ന്യൂഡെൽഹി: രാജ്യത്തിന്റെ 78ആം സ്വാതന്ത്രദിനം നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ‘വികസിത ഭാരതം @ 2047‘ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്രദിന പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി നാളത്തെ ചടങ്ങിൽ പങ്കെടുക്കും.
യുവാക്കളും വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും കർഷകരും സ്‌ത്രീകളും എല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്വീകരിക്കും. ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡെൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
പഞ്ചാബിലും ജമ്മുവിലും ഐഎസ്‌ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്രദിന ആഘോഷങ്ങൾ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്. വിഐപികൾക്കും, പ്രധാന മന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്‌ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്‌തമാക്കി. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡെൽഹി ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും.
അവിടെ സംയുക്‌ത സേനാ വിഭാഗവും ഡെൽഹി പോലീസ് ഗാർഡും ചേർന്ന് പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡെൽഹി പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫീസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത്. ഇന്ത്യൻ നാവികസേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിക്കുന്നത്.
രാജ്യം ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുകയാണെന്ന് സ്വാതന്ത്രദിനത്തിന് മുന്നോടിയായി രാഷ്‍ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. സ്വാതന്ത്രസമര പോരാട്ടത്തെ ഓർമിപ്പിച്ച രാഷ്‍ട്രപതി ഇത് സ്വാതന്ത്രസമര പോരാളികൾക്ക് ആദരമർപ്പിക്കാനുള്ള ദിവസമാണെന്നും പറഞ്ഞു. വിഭജന സമയത്ത് രാജ്യം ഏറെ പ്രതിസന്ധികൾ അനുഭവിച്ചു. എല്ലാ വിഭാഗം ആളുകളും സ്വാതന്ത്രസമര പോരാട്ടത്തിന്റെ ഭാഗമായി. ഇന്ത്യയെ സ്വയംപര്യാപ്‌തമാക്കിയത് കർഷകരാണെന്നും രാഷ്‍ട്രപതി പറഞ്ഞു.
Most Read| വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി പഞ്ചായത്തിൽ മാത്രം