ന്യൂഡെൽഹി: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തിൽ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അടുത്തിടെ ഹിന്ദു യുവാക്കൾ ബംഗ്ളാദേശിൽ ആൾക്കൂട്ടം ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങൾ അങ്ങേയറ്റം അസ്വസ്‌ഥത ഉണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ ജയ്‌സ്വാൾ, ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്‌ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൊലപാതകത്തിന് ന്യായീകരണമായി അധികൃതർ ചമയ്‌ക്കുന്ന വ്യാജ കുറ്റാരോപണങ്ങൾ തള്ളണമെന്നും അദ്ദേഹം പറഞ്ഞു.
”ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള നിരന്തരമായ ആക്രമണങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളെ അപലപിക്കുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു”- ജയ്സ്വാൾ പറഞ്ഞു.
സംഘർഷാവസ്‌ഥ തുടരുന്ന ബംഗ്ളാദേശിൽ ബുധനാഴ്‌ച രാത്രിയാണ് ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. എന്നാൽ, അമൃത് മേഖലയിലെ ക്രിമിനൽ ഗാങ്ങിന്റെ നേതാവാണെന്നാണ് നാട്ടുകാർ ആരോപിച്ചത്.
കൊലപാതകത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മതനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദ്ദിച്ച് കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഹിന്ദു യുവാവിന്റെ ആൾക്കൂട്ട കൊലപാതകം.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































