ന്യൂഡെൽഹി: അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്‌ഥാൻ പ്രകോപനത്തിന് പിന്നാലെ സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റാഫേൽ, സുഖോയ്-30 എംകെഎം എന്നീ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന ‘ആക്രമൺ’ എന്ന പേരിലെ വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്.
രാജ്യത്തെ രക്ഷിക്കാൻ സേന സജ്‌ജമാണെന്ന് പാക്കിസ്‌ഥാൻ ഉച്ചയ്‌ക്ക് പ്രതികരിച്ചിരുന്നു. പിന്നാലെ പഞ്ചാബിലെ ഫിറോസ്‌പുർ അതിർത്തിയിൽ നിന്ന് നിയന്ത്രണരേഖ മറികടന്നുവെന്ന് ആരോപിച്ച് ബിഎസ്എഫ് ജവാനെ പാക്കിസ്‌ഥാൻ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. ഇയാളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇതിന് പിന്നാലെയാണ് പാക്ക് പ്രകോപനത്തിന് വ്യോമാഭ്യാസവുമായി ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്. ഇന്ന് സുരക്ഷായോഗം ചേർന്ന പാക്ക് പ്രധാനമന്ത്രിയുടെ ഓഫീസ്, യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഷിംല കരാർ റദ്ദാക്കുകയാണെന്നും വ്യക്‌തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ സേനയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങൾ ഉണ്ടായത്.
ഇന്ത്യൻ പൗരൻമാർക്കുള്ള വിസ പാക്കിസ്‌ഥാൻ മരവിപ്പിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്‌ഥരുടെ എണ്ണം 30 ആയി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പാക്കിസ്‌ഥാൻ വ്യക്‌തമാക്കിയിരുന്നു.
1971ലെ യുദ്ധത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ ഷിംല കരാർ നിലവിൽ വന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കും, ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നാണ് ഷിംല കരാറിൽ പറയുന്നത്. ഇന്ത്യയുമായുള്ള എല്ലാ ചരക്കുനീക്കവും അവസാനിപ്പിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. ഇന്ത്യ സിന്ധൂ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നും പാക്കിസ്‌ഥാൻ പറഞ്ഞു.
പാക്ക് പൗരൻമാർക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യയിൽ കഴിയുന്ന പാക്ക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും ഇന്നലെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വിസ റദ്ദാക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്‌തു. പാക്കിസ്‌ഥാനുമായുള്ള നദീജല കരാർ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് പാക്കിസ്‌ഥാനും നിർണായക തീരുമാനങ്ങളെടുത്തത്.
അതിനിടെ, ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗം അവസാനിച്ചു. ബൈസരൺ വാലിയിലെ സുരക്ഷാ വീഴ്‌ചയെ സംബന്ധിച്ച വിവരങ്ങൾ യോഗം ചർച്ച ചെയ്‌തു. സുരാക്ഷാ വീഴ്‌ച ഉണ്ടായി എന്നത് വ്യക്‌തമാണെന്നും ഇത്തരത്തിൽ ഒരു നീക്കം സംഭവിച്ചത് അന്വേഷണ വിധേയമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
രണ്ടുമിനിറ്റ് മൗനം ആചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ കോൺഗ്രസ് നാളെ തുടങ്ങാനിരുന്ന ഭരണഘടനാ സംരക്ഷണറാലി മാറ്റിവെച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ ജമ്മു കശ്‌മീർ സന്ദർശിക്കും.
Most Read| സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ തട്ടിയെടുത്തു; വീണയ്‌ക്ക് സുപ്രധാന പങ്കെന്ന് റിപ്പോർട്