ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ വെച്ച് ആക്രമണ ശ്രമം ഉണ്ടായതിൽ കടുത്ത അതൃപ്തിയുമായി കേന്ദ്ര സർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെ ഉണ്ടായ സംഭവത്തിൽ ഇന്ത്യ യുകെയെ ആശങ്ക അറിയിച്ചു. ആക്രമണം ഉണ്ടായത് കനത്ത സുരഷാ വീഴ്ചയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ജയശങ്കറിന് നേരെ ഖലിസ്ഥാൻ വാദികളാണ് ആക്രമിക്കാനെന്നോണം ഓടിയെത്തിയത്. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തെക്ക് പാഞ്ഞെത്തിയ ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ലണ്ടൻ പോലീസ് നോക്കിനിൽക്കേയാണ് സംഭവമെന്നാണ് ആക്ഷേപം. ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണ് പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്.
”യുകെ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സംഭവിച്ച സുരക്ഷാ വീഴ്ചയുടെ വീഡിയോ ഞങ്ങൾ കണ്ടു. വിഘടനവാദികളും തീവ്രവാദികളുമായ ചെറുസംഘത്തിന്റെ പ്രവൃത്തിയെ അപലപിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണിത്. ഇത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ നയതന്ത്ര കടമകൾ പൂർണമായും നിരവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും ലണ്ടൻ പോലീസ് നിസ്സംഗരായി നിന്നെന്നാണ് വിമർശനം ഉയരുന്നത്. ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ വന്നയാളെ കീഴ്പ്പെടുത്തുന്നതിന് പകരം ശാന്തനാക്കി തിരിച്ചയക്കാനാണ് പോലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിന് ശേഷം മാത്രമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നോട്ട് പോവാനായത്.
നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് നാലുമുതൽ ഒമ്പത് വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണ് ജയശങ്കർ. യുകെയിൽ നിന്ന് അദ്ദേഹം അയർലണ്ടിലേക്ക് പോകും.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ